About Me

My photo
These words are not mine but inspired me a lot........ "ഇന്നെലെകളിലെന്നും ഞാന്‍ നാളെകളെക്കുറിച്ചോര്‍ത്തൂ. നാളെകളിലേയ്ക്ക് ഓടിത്തളര്‍ന്ന മുന്നിലെ ഒന്നുമില്ലായ്മയിലേയ്ക്ക് എത്തിയപ്പോള്‍ ഞാന്‍ ഇന്ന് എന്നിലേയ്ക്ക് നോക്കുന്നു ഇന്നലെകളിലെ കുറിമാനങ്ങളീലേയ്ക്ക് നോക്കുന്നു കാറ്റില്‍ മറയുന്ന ഏടുകളിലെ വരികള്‍ കാണാതെ ആകുന്നു.. മുന്നില്‍ ഇന്നലെകളുടെ സാക്ഷിപത്രമായി ഒന്നുമില്ലായ്മകള്‍ മാത്രം.!!"

Note

Many posts in this Blog are in Malayalam language. If you are not able to view the Malayalam alphabets properly, you may be suffering from Missing Font Problems. Please Download and Install the Unicode Font Anjali Old Lipi to correct the problem. To Download please click on "Anjali Old Lipi" , to Install in Windows Operating System, copy the font to 'C:\WINDOWS\Fonts' Directory. Recent Linux distributions have Malayalam Unicode fonts.

Thursday 17 March 2011

ഏകാന്തത



ഏകാന്തത അതൊരു തടവറയാണ്‌ കൈകളും കാലുകളും ബന്ദിക്കപ്പെട്ട് ഒന്ന് അനങ്ങാൻ പോലുമാകാതെ ഭൂതകാലത്തിന്റെ സ്മരണയിൽ നീറി നീറി ജീവിച്ചുത്തീർക്കുക. അലോചിക്കുമ്പോൾത്തന്നെ എത്ര ഭീകരമാണ്‌, അപ്പോൾ അതനുഭവിക്കുമ്പൊളൊ?

ഒരു പക്ഷെ ഞാനും നിങ്ങളും ഒരുപോലെ കൊതിക്കുന്ന ചില സ്വകാര്യനിമിഷങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടെന്നു വന്നേക്കാം, മറ്റെല്ലാവരിൽനിന്ന് അകന്നു നിന്ന് ജീവിത വീക്ഷണ കോണുകളിൽനിന്നും മാറി നിന്ന് കൊണ്ട് ചില നിമിഷങ്ങൾ അല്ലെങ്കിൽ കുറച്ചു മണിക്കൂറുകൾ അതുമല്ലെങ്കിൽ ഏതാനും ദിവസങ്ങൾ, അതിലുമേറെ ഒറ്റക്കിരിക്കാൻ ആഗ്രഹിക്കാത്തവരാണ്‌ നമ്മൾ.

എന്നിൽ നിന്നും വിഭിന്നമായ ഒരു ചിന്താഗതിയും ഞാൻ ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മനം മടിപ്പിക്കുന്ന ദീർഘനാളത്തെ ഏകാന്തവാസം ഏതൊരു മനുഷ്യനെയും തളർത്തുമെന്നത് തീർച്ചയാണ്‌. തുടർച്ചയായ സംഭാഷണം എന്നൊരൊറ്റഘടകം ജീവവായുവെന്ന പോലെ കൂടെകൊണ്ടു നടക്കുന്ന നമ്മിൽ പലരും ആരോടും സംസാരിക്കാനാകാതെ അല്ലെങ്കിൽ സംസാരിക്കണം എന്നുപോലും ഇല്ലാതെ അകന്നു നില്ക്കുക എന്നത് ഭീഭത്സമായ ഒരു വസ്തുതയാണ്‌.

ഒരടുത്ത സൗഹൃദമെങ്കിലും മനസിലേറ്റാത്ത മനുഷ്യൻ വളരെ വിരളമാണ്‌ എന്നതു തന്നെ ഏകാന്തത ഇഷ്ടപ്പെടാത്ത മനുഷ്യന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌.ഒരു പക്ഷെ ജീവിതത്തിന്റെ ഇത്തരം നിശബ്ദ നിമിഷങ്ങളായേക്കാം പല വിലപ്പെട്ട തിരുമാങ്ങളിലേക്കും നമ്മെ നയിക്കാറ്‌, എങ്കിലും സങ്കീർണമായ പ്രശ്നങ്ങൾ മറ്റൊരാളുമായ് പങ്കുവക്കുക എന്നതും സ്വന്തമായ അഭിപ്രായരാഹിത്യത്തിന്റെ ഘട്ടത്തിൽ മറ്റൊരാളുടെ അഭിപ്രായം ആരായുക എന്നതും മനുഷ്യസഹജം തന്നെ.
പെട്ടെന്നൊരുനാൾ ഇത്തരം സൗഹൃദങ്ങളും ബന്ധങ്ങളും പിരിഞ്ഞകന്ന് ജീവിതം തന്നിച്ചെന്നൊരു തോന്നൽ, എത്ര ശ്രമിച്ചാലും ശമിപ്പിക്കാനാകാത്ത ഒരു അഗ്നികുണ്‌ഠത്തിന്‌ സമമാണ്‌.ആശ്വാസവാക്കുകൾ ഏറെയുണ്ടായേക്കാം എങ്കിലും ഒന്നിന്നൊന്‌ പകരമാകിലല്ലോ.

പലപ്പോഴായി ചിരിച്ചു തള്ളിയ അതുമല്ലെങ്കിൽ വിവിധ ഘട്ടങ്ങളിൽ ഏറെ ആഘോഷപൂർവം ആസ്വദിച്ച വസ്തുതകളായേക്കാം ഇത്തരം വിഷമഘട്ടങ്ങളിൽ നമ്മെ കാർന്നു തിന്നേക്കാവുന്ന വൻ വിപത്തുകൾ. സന്തോഷം ആസ്വദിച്ചു നടന്നു നീങ്ങിയ ജീവിതത്താരയിൽ തനിച്ചായി വഴിപിരിയേണ്ടി വരുന്ന സന്ദർഭങ്ങൾ ആദ്യമല്ലെന്നതോർത്താണ്‌ നമ്മിൽ ചിലരെങ്കിലും ആശ്വസിക്കാറ്‌.

സത്യമാണ്‌, ഒരു ഘട്ടത്തിൽ വിഭിന്നമായ വഴികളിൽ സഞ്ചരിച്ചു പോയവർ എപ്പോഴൊക്കെയോ ഒന്നിക്കുന്നതും പിരിഞ്ഞെ മതിയാകൂ എന്ന ഘട്ടത്തിൽ പിരിയുന്നതും ഏറെ സാധാരണം തന്നെ. ഒരു പക്ഷെ നമ്മുടെ മനസ് എപ്രകാരം അതിനെ ഉൾകൊള്ളുന്നു എന്നതായിരിക്കാം പ്രധാനം, മറിച്ച് എത്ര കണ്ട് അവയെ അവഗണിക്കാം എന്നതായിരിക്കില്ല.

എപ്പോളൊ പറയാൻ മറന്ന സൗഹ്യദങ്ങളായിരിക്കാം നൂൽ പൊട്ടിയ പട്ടം കണക്കെ പറന്നു പോകുന്നത് എങ്കിലും ആഗതമായ വിധിയെ തടുത്തു കൊണ്ട് കാലചക്രം പൂർത്തിയാക്കുക എന്നത് വിഷമം പിടിച്ച ഉദ്യമം തന്നെ. ഇത്തരം സന്ദർഭങ്ങൾ ഒരു പ്രേമകാവ്യത്തിന്റെ ഉപോത്പ്പന്നമാണെന്ന് ചിന്തിക്കുന്നവർ ഏറെകുറെയാണ്‌. സൗഹ്യദങ്ങളും ജീവിത ബന്ധങ്ങളും ഗ്രഹിക്കാത്ത ഒരു കൂട്ടരെ, ഇത്തരം അശക്തമനസുകളെ നമുക്ക് മാറ്റി നിർത്തി ചിന്തിക്കാം.

ഒരേ തോണിയിൽ അക്കരപ്പറ്റുവാൻ കൊതിക്കുന്നവർ, സമാനമായ ജീവിത വീക്ഷണങ്ങളും ലക്ഷ്യങ്ങളും ഉള്ളവർ അല്ലെങ്കിൽ ഏതോ ഒരു വൈകാരിക സന്ദർഭങ്ങളും കൂട്ടിച്ചേർത്തവർ, വിവിധങ്ങളായ ബന്ധങ്ങൾ വിഭിന്നമായ ബന്ധനങ്ങൾ. എല്ലാം തകർന്ന് തനിച്ചാകുന്ന നിമിഷങ്ങളെക്കുറിച്ച് നാം ഇത്തരം നാളുകളിൽ ഓർക്കാറില്ല, ഒരു പക്ഷെ ഓർക്കാൻ ശ്രമിക്കാറില്ല എന്നതാകും നിജം.

മറ്റൊരുതരത്തിൽ തന്നിൽ മാത്രമായി ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്ന മനുഷ്യനാകും ജീവിതത്തിൽ ഏകനായി നടക്കാത്തവൻ കാരണം അവൻ അവനിൽ തന്നെ ഒരു സുഹ്യത്തിനെ കണ്ടെത്തുന്നു വിഭിന്നമല്ലെങ്കിലും മനസാക്ഷിയെന്ന സുഹ്യത്ത് അവന്‌ വഴിക്കാട്ടികൊണ്ടെയിരിക്കും. നമുക്ക് ചുറ്റിലും ഉണ്ട് ഇത്തരം ആളുകൾ, നമ്മിൽ നിന്നും വ്യത്യസ്തരായി ജീവിക്കുന്നവർ, ഒരിക്കലും ജീവിതം ആസ്വദിക്കാത്തവർ. അവരിൽ നിന്നുകൊണ്ട് ഞാനെന്നെ നോക്കുമ്പോൾ തീരെ കുറച്ചുനാളുകൾ തനിച്ചിരിക്കുക എന്നത് എത്രയോ അഭികാമ്യം.

എങ്കിലും ആഗ്രഹിക്കാത്ത ഒരു ഘട്ടത്തിൽ നാം തനിച്ചാകുന്നു. പ്രതീക്ഷിക്കാത്ത മുറിപാടുകൾ മാത്രം ബാക്കിയാക്കി. എല്ലാവരും മടങ്ങിചെല്ലുന്നു എവിടെ നിന്നു തുടങ്ങിയോ അവിടെക്കു തന്നെ പുതിയ ബന്ധങ്ങളുടെ ബന്ധനങ്ങളും തേടി. ഒരിക്കലും കൊതിക്കാത്ത ഇരുളടഞ്ഞ ജീവിതത്താരയില്ലേക്ക് ഏകാന്തത നമ്മെ നയിക്കാതിരിക്കാൻ മാത്രമായി. ഞാനുമിതാ ഓടിടുന്നു പുതിയ ഒരു ജീവനായ്, മനം കവരും കമനീയ ദ്യശ്യവിരുന്നായി ദൈവമെനിക്കുതന്ന ജീവന്റെ വെളിപാടിനായി.


“ ജനിച്ചിടുന്നു നാമേവരും ഏകരായ് മാത്രം
മരിച്ചിടുന്നു നാമേവരും ഏകരായ് മാത്രം
ഇടക്കെവിടെയോ ജീവന്റെ കണങ്ങളിൽ
നിഴലൂന്നി നിൽപ്പൂ ബന്ധങ്ങൾ തൻ ബന്ധനം
ഏറ്റിടുവിൻ ജനമേ തോളിലെന്നാകിലും
ഹനിച്ചിടാൻ സമാഗതമാം ഏകാന്ത സഞ്ചാരം.”

No comments:

Post a Comment